Kerala PSC Referal

Tuesday, 29 November 2016

പിഎസ്‌സിയുടെ പുതുവർഷ സമ്മാനമായി എൽഡി ക്ലാർക്ക് വിജ്ഞാപനമെത്തി

കാത്തിരിപ്പിനു വിരാമം കുറിച്ച്, പിഎസ്‌സിയുടെ പുതുവർഷ സമ്മാനമായി എൽഡി ക്ലാർക്ക് വിജ്ഞാപനമെത്തി. പിഎസ്‌സി പരീക്ഷകളിൽ കൂടുതൽപേർ അപേക്ഷിക്കുന്ന എൽഡിസി വിജ്ഞാപനം 25ന് അസാധാരണ ഗസറ്റിൽ പിഎസ്‌സി പ്രസിദ്ധീകരിച്ചു. ഇനി പിഎസ്‌സി വെബ്സൈറ്റിലെ ഓരോ ക്ലിക്കും എൽഡിസി അപേക്ഷകരുടേതായിരിക്കും. ഡിസംബർ 28നു രാത്രി 12 വരെയാണ് അപേക്ഷിക്കാൻ അവസരം. കേരളത്തിലെ 14 ജില്ലകളിൽനിന്നായി 16 ലക്ഷത്തിലേറെപ്പേർ ഇത്തവണ അപേക്ഷിക്കുമെന്നാണു കണക്കുകൂട്ടൽ.

അപേക്ഷ ഓൺലൈനിൽ
പിഎസ്‌സി വെബ്സൈറ്റിലൂടെ (www.keralapsc.gov.in) ഓൺലൈനായി വേണം അപേക്ഷ നൽകാൻ. അപേക്ഷിക്കും മുൻപ് വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇതിനുശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷ നൽകാം. ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർഥികൾ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം പ്രൊഫൈൽ വഴി അപേക്ഷിക്കണം.
പ്രായപരിധി 18–36 വയസ്സ്. ഉദ്യോഗാർഥികൾ 1980 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയ്ക്കു ജനിച്ചവരാകണം. ഉയർന്ന പ്രായപരിധിയിൽ ഒബിസി വിഭാഗത്തിൽ മൂന്നും പട്ടികവിഭാഗത്തിൽ അഞ്ചും വർഷം ഇളവുണ്ട്.

ഭാഷ: സിലബസ് മാറിയേക്കും
പൊതുവിജ്ഞാനം, ആനുകാലികം, കേരള നവോത്ഥാനം, ജനറൽ ഇംഗ്ലിഷ്, ഗണിതം, മാനസികശേഷി പരിശോധന, പ്രാദേശികഭാഷ (മലയാളം/തമിഴ്/കന്നഡ) വിഷയങ്ങളാണു സിലബസിലുള്ളത്. പ്രാദേശിക ഭാഷ ഒഴികെ മറ്റുവിഷയങ്ങളിൽ മാറ്റത്തിനു സാധ്യതയില്ല. പ്രാദേശികഭാഷാ വിഭാഗത്തിൽ വ്യാകരണ ചോദ്യങ്ങൾ‌ക്ക് ഇത്തവണ മാറ്റംവന്നേക്കും. ഭാഷാചോദ്യങ്ങളുടെ സിലബസ് പരിഷ്കരണം പിഎസ്‌സി ആരംഭിച്ചിട്ടുണ്ട്. ഈ നടപടിക്രമം പൂർത്തിയായശേഷമേ ചോദ്യങ്ങളുടെ രീതി വ്യക്തമാകൂ. ചോദ്യപേപ്പർ മലയാളത്തിലായിരിക്കും. ഭാഷാന്യൂനപക്ഷങ്ങൾക്ക് തമിഴിലും കന്നടയിലും ചോദ്യം ലഭിക്കും.

പരീക്ഷ ജൂണിൽ
പരീക്ഷാ തീയതികൾ പിഎസ്‌സി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2017 ജൂണിൽ ആരംഭിക്കുമെന്നാണു സൂചന. 100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയാണ്. ഒഎംആർ മൂല്യനിർണയമായിരിക്കും. തെറ്റായ ഉത്തരത്തിന് ശരിയുത്തരത്തിനു ലഭിച്ച മാർക്കിൽനിന്നു മൂന്നിലൊന്ന് മാർക്ക് മൈനസ് ചെയ്യും. അതായത് മൂന്ന് ഉത്തരം തെറ്റായി രേഖപ്പെടുത്തിയാൽ മൈനസ് മാർക്ക് ഉൾപ്പെടെ മൊത്തം നാലു മാർക്ക് നഷ്ടമാകും.

ഹാൾടിക്കറ്റ് ഇല്ലെങ്കിൽ...
നിശ്ചിത ദിവസത്തിനകം പിഎസ്‌സി വെബ്സൈറ്റിൽനിന്ന് ഹാൾടിക്കറ്റ് ഡൗൺലോ‍ഡ് ചെയ്തെടുക്കുന്നവർക്കു മാത്രമേ ഇത്തവണ പരീക്ഷ എഴുതാൻ കഴിയൂ. പരീക്ഷയ്ക്കു 40 ദിവസം മുൻപ് ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും. 20 ദിവസത്തിനകം ഡൗൺലോഡ് ചെയ്യണം. ഹാൾടിക്കറ്റ് ഇതിനുശേഷം വെബ്ൈസറ്റിൽനിന്നു പിൻവലിക്കും. വിവിധ തസ്തികകളിൽ അപേക്ഷ നൽകുന്ന 40 ശതമാനത്തിലധികം പേർ പരീക്ഷ എഴുതാനെത്താതെ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു പുതിയ പരിഷ്കാരം.

തുടക്കം 22,560 രൂപ
19,000–43,600 രൂപയാണ് എൽഡി ക്ലാർക്കിന്റെ ശമ്പള സ്കെയിൽ. ബേസിക് സ്കെയിലായ 19,000 രൂപയുടെ കൂടെ 9% ഡിഎയായി 1710 രൂപ, എച്ച്ആർഎ 1500 രൂപ, സിറ്റി കോംപെൻസേറ്ററി അലവൻസ് 350 രൂപ എന്നിവ കൂടി കൂട്ടുമ്പോഴുള്ള 22,560 രൂപയാണ് തുടക്ക ശമ്പളം. ഇതിൽ 400 രൂപ ഗ്രൂപ്പ് ഇൻഷുറൻസ്, 1000 രൂപ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, 1000 രൂപ പിഎഫ്, 2071 രൂപ നാഷനൽ പെൻഷൻ സ്കീം എന്നിങ്ങനെ അടവുകളുണ്ടാകും. ബാക്കി 18,089 രൂപയാകും കയ്യിൽ കിട്ടുക.

സാധ്യത 10,000 പേർക്ക്
പുതിയ റാങ്ക് ലിസ്റ്റുകളിൽനിന്നു 14 ജില്ലകളിലുമായി 10,000 േപർക്കു നിയമനം പ്രതീക്ഷിക്കാം. ഈ തസ്തികയ്ക്ക് ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പിന്നിട്ടപ്പോൾ നാലായിരത്തോളം പേർക്കു നിയമനശുപാർശ ലഭിച്ചു. ഇനി ഒന്നരവർഷത്തോളം കൂടി ഈ റാങ്ക് ലിസ്റ്റുകൾക്കു കാലാവധിയുണ്ട്. 2015 മാർച്ച് 30നു കാലാവധി അവസാനിച്ച മുൻ എൽഡിസി റാങ്ക് ലിസ്റ്റുകളിൽനിന്നു 12,006 പേർക്കാണു നിയമനശുപാർശ ലഭിച്ചത്.

സ്ഥാനക്കയറ്റ സാധ്യതകളേറെ
നിയമനം ലഭിക്കുന്ന സർക്കാർ വകുപ്പിനനുസരിച്ച് എൽഡി ക്ലാർക്കുമാർക്കു സ്ഥാനക്കയറ്റ സാധ്യതകൾ ധാരാളം. വിവിധ വകുപ്പുകളിലെ തസ്തികകളുടെ എണ്ണവും വിരമിക്കലിന്റെ തോതുമനുസരിച്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വരെയാകാൻ കഴിയും. എൽഡി ക്ലാർക്കായി സർവീസിൽ കയറിയാൽ സീനിയർ ക്ലാർക്ക്, ഹെഡ് ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിങ്ങനെയാകും സ്ഥാനക്കയറ്റം. സീനിയർ സൂപ്രണ്ട് മുതലുള്ള തസ്തികകൾ ഗസറ്റഡാണ്. സ്വാഭാവിക സ്ഥാനക്കയറ്റത്തോടൊപ്പം ഉയർന്ന യോഗ്യതകൾ ഉള്ളവർക്ക് ആകർഷകമായ മറ്റു തസ്തികകളിൽ എത്തിപ്പെടാനും അവസരമുണ്ട്.

ഉയർന്ന യോഗ്യത: മുൻഗണനയില്ല
എസ്എസ്എൽസിയോ തത്തുല്യമോ ആണ് എൽഡി ക്ലാർക്ക് തസ്തികയുടെ അടിസ്ഥാന യോഗ്യതയെങ്കിലും ഭൂരിപക്ഷം അപേക്ഷകരും ബിരുദമോ മറ്റ് ഉയർന്ന യോഗ്യതയോ നേടിയവരായിരിക്കും. എന്നാൽ ഉയർന്ന യോഗ്യത നേടിയവർക്കു മുൻഗണനയില്ല. പിഎസ്‌സി പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണു റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. കായികതാരങ്ങൾ, വിമുക്തഭടന്മാർ തുടങ്ങി വെയിറ്റേജ് മാർക്കിന് അർഹതയുള്ളവർക്ക് അതുകൂടി നൽകി റാങ്ക് നിർണയിക്കും

ഇനിയില്ല എൽഡി
എൽഡി ക്ലാർക്ക് എന്ന പേരിലാണ് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നതെങ്കിലും ക്ലാർക്ക് എന്നതാണ് തസ്തികയുടെ പുതിയ പേര്. സർക്കാർ‌ ഉത്തരവു പ്രകാരം ‘ലോവർ ഡിവിഷൻ ക്ലാർക്ക്’ തസ്തികയുടെ പേര് ‘ക്ലാർക്ക്’ എന്നാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സർക്കാർ സർവീസിൽ ക്ലാർക്കുമാർ വർഷങ്ങളായി കൊണ്ടുനടന്ന എൽഡി എന്ന വിളിപ്പേര് ഇനിയില്ല.

എസ്എസ്എൽസിക്കാർക്ക് അവസാന അവസരം
എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് എൽഡി ക്ലാർക്ക് ആകാനുള്ള അവസാന അവസരമായിരിക്കും ഇത്തവണത്തേതെന്നാണു സൂചന. എൽഡിസിയുടെ അടിസ്ഥാന യോഗ്യത എസ്എസ്‌എൽസിയിൽ നിന്ന് പ്ലസ്ടു ആക്കി ഉയർത്തി 2011ൽ സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാൽ സ്പെഷൽ റൂൾസിൽ ഇതിനനുസരിച്ചു ഭേദഗതി വരുത്തിയിട്ടില്ല. തസ്തികയുടെ അടുത്ത വിജ്ഞാപനത്തിനു മുൻപ് സ്പെഷൽ റൂൾ ഭേദഗതി നടപ്പായാൽ പ്ലസ്ടു വിജയിച്ചവർക്കേ അപേക്ഷിക്കാൻ കഴിയൂ.

Popular Posts

Recent Posts

Categories

Unordered List

Text Widget

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts